Indian Railways News => Topic started by nikhilndls on Apr 14, 2013 - 09:00:04 AM


Title - ആര്‍ക്കോണം അപകടം: ട്രാക്ക് പുനഃസ്ഥാപിച്ചു
Posted by : nikhilndls on Apr 14, 2013 - 09:00:04 AM

മുസഫര്‍പുര്‍-യശ്വന്ത്പുര്‍ വണ്ടി പാളംതെറ്റിയ ആര്‍ക്കോണം-ചിത്തേരിയില്‍ ട്രാക്ക് പുനഃസ്ഥാപിച്ചു. 400 മീറ്ററോളം അകലത്തില്‍ പൂര്‍ണമായും ഇളകിപ്പോയ പാളം വ്യാഴാഴ്ച ഉച്ചയോടെയാണ് പുനഃസ്ഥാപിച്ചത്. ചെന്നൈയില്‍നിന്ന് ജയ്പുര്‍വരെ പോകുന്ന ഡീസല്‍ എഞ്ചിന്‍ വണ്ടിയാണ് ആദ്യം കടന്നുപോയത്. വൈകുന്നേരത്തോടെ വൈദ്യുതിസംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമായി. തിരുവനന്തപുരം എക്‌സ്​പ്രസ് ഉള്‍പ്പെടെ വൈദ്യുതി വണ്ടികളും കടത്തിവിട്ടു.

പരിക്കേറ്റ് ആസ്​പത്രിയില്‍ കഴിയുന്നവര്‍ സുഖംപ്രാപിച്ചുവരുന്നു. ഗുരുതരമല്ലാത്ത പരിക്കുകള്‍ ഏറ്റവരെ വിട്ടയച്ചുതുടങ്ങി. വ്യാഴാഴ്ച പത്തുപേര്‍ ആസ്​പത്രിവിട്ടു. ഗുരുതരാവസ്ഥയിലായിരുന്ന യാത്രക്കാരനും മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.

അപകടം ഉണ്ടായ സ്ഥലത്ത് വേഗനിയന്ത്രണം തുടരുന്നുണ്ട്. പരമാവധി 10 കിലോമീറ്റര്‍ വേഗത്തിലാവും ചിത്തേരിയിലൂടെ വണ്ടി കടന്നുപോകുക. സംവിധാനങ്ങള്‍ പൂര്‍ണതോതിലാവാന്‍ ഒരാഴ്ചയോളം എടുക്കുമെന്നാണ് അറിയുന്നത്. ഒരു ട്രാന്‍സ്‌ഫോമര്‍ ഉള്‍പ്പെടെ വൈദ്യുതിസംവിധാനങ്ങള്‍ എല്ലാം തകര്‍ന്നുപോയിരുന്നു. വൈദ്യുതിത്തൂണുകളും നിലം പറ്റി.

ചെന്നൈനിന്ന് പോകുന്ന ട്രാക്കാണ് തകര്‍ന്നത്. ഇതുകാരണം വ്യാഴാഴ്ച ഒമ്പത് വണ്ടികള്‍ റദ്ദുചെയ്യേണ്ടി വന്നിരുന്നു. എന്നാല്‍ ഇത് ട്രാക്കിലെ പ്രശ്‌നംമൂലമല്ല. നേരത്തേ റദ്ദുചെയ്ത വണ്ടികള്‍ തിരികെയെത്തുന്നതും മറ്റുമായ സര്‍വീസ് സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലമാണ് ട്രെയിനുകള്‍ മുടങ്ങിയതെന്ന് റെയില്‍വേ പി.ആര്‍.ഒ വി.ജെ. അക്കമ്മ അറിയിച്ചു.