Indian Railways News => Topic started by AllIsWell on Aug 21, 2013 - 03:00:32 AM


Title - സബര്‍ബന്‍ മെമു: സാധ്യതാപഠനത്തിന് മുംബൈ റെയില്‍ കോര്‍പ്പറേഷന്‍
Posted by : AllIsWell on Aug 21, 2013 - 03:00:32 AM

തിരുവനന്തപുരം - ചെങ്ങന്നൂര്‍ പാതയില്‍ സബര്‍ബര്‍ മെമു തീവണ്ടി സര്‍വീസ് ആരംഭിക്കുന്നതിന് സാധ്യതാപഠനം മുബൈ റെയില്‍വികാസ് കോര്‍പ്പറേഷന് കൈമാറാനുള്ള നിര്‍ദേശം അടുത്ത മന്ത്രിസഭായോഗം പരിഗണിച്ചേക്കും.

തിരുവനന്തപുരം-ചെങ്ങന്നൂര്‍, തിരുവനന്തപുരം- ഹരിപ്പാട് പാതകളിലാണ് മെമു സബര്‍ബന്‍ തീവണ്ടി ആരംഭിക്കാന്‍ റെയില്‍വേ സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടിയത്. 2500 കോടി രൂപയോളം വേണ്ടിവരുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പങ്കാളിത്തമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ട്രാക്കുകള്‍ ഉപയോഗിച്ച് കൂടുതല്‍ പാസഞ്ചര്‍ (മെമു) തീവണ്ടികള്‍ ഓടിക്കാമെന്നതാണ് പദ്ധതിയുടെ നേട്ടം. എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തുമെന്നതിനാല്‍ പ്രതിദിന യാത്രികര്‍ക്ക് മെമു സബര്‍ബന്‍ സര്‍വീസുകള്‍ ഏറെ പ്രയോജനകരമായിരിക്കും. നിലവിലെ യാത്രാക്ലേശം പരിഹരിക്കാനും ഇതിലൂടെ കഴിയും.

തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ സമര്‍പ്പിച്ച പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ച് പഠിക്കാന്‍ ചീഫ് സെക്രട്ടറി ഭരത്ഭൂഷണ്‍, ഫുട്‌സേഫ്ടി കമ്മീഷണര്‍ ബിജുപ്രഭാകറെ ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ടാണ് മന്ത്രിസഭയുടെ പരിഗണനയ്‌ക്കെത്തുന്നത്.

സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള വൈതരണികള്‍ നേരിടേണ്ടിവരില്ലെന്നത് പദ്ധതിക്ക് സ്വീകാര്യത നല്‍കുന്നുണ്ട്. കൂടുതല്‍ മെമു റേക്കുകളും അനുബന്ധ സജ്ജീകരണങ്ങളുമാണ് വേണ്ടത്. സിഗ്‌നല്‍ സംവിധാനത്തിന് 1000 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം. തീവണ്ടികള്‍ക്ക് 1500 കോടി രൂപയും വേണ്ടിവരും. രണ്ടരക്കൊല്ലംകൊണ്ട് പദ്ധതി നടപ്പാക്കാന്‍ കഴിയും.

ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനമാണ് സബര്‍ബന്‍ റെയില്‍വേയുടെ നെടുംതൂണ്‍. വന്‍ മുതല്‍മുടക്ക് വേണ്ടിവരുന്ന ഈ സംവിധാനത്തില്‍ ട്രാക്ക് പൂര്‍ണമായും സ്വയം നിയന്ത്രിത സിഗ്‌നല്‍ സംവിധാനത്തിലേക്ക് മാറ്റപ്പെടും. ട്രാക്കിനെ ഒരു കിലോമീറ്റര്‍ വീതമുള്ള സ്വതന്ത്ര സിഗ്‌നല്‍ യൂണിറ്റുകളായിട്ടാണ് തിരിക്കുന്നത്. ഇടവിട്ട് സ്ഥാപിക്കുന്ന സിഗ്‌നല്‍ യൂണിറ്റുകളാണ് ഗതാഗതം നിയന്ത്രിക്കുന്നത്. തീവണ്ടി ഒരു സിഗ്‌നല്‍ യൂണിറ്റ് പിന്നിട്ടാലുടന്‍ പിറകെ അടുത്ത തീവണ്ടി അയയ്ക്കാന്‍ കഴിയും. രണ്ടും മൂന്നും കിലോമീറ്ററുകള്‍ വ്യത്യാസത്തില്‍ തീവണ്ടികള്‍ ഓടിക്കാന്‍ കഴിയുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ഒരേ ദിശയിലെ തീവണ്ടികള്‍ തമ്മിലുള്ള സമയവ്യത്യാസം കുറയ്ക്കാന്‍ കഴിയും.

സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള സിഗ്‌നല്‍ സംവിധാനമാണ് റെയില്‍വേ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഒരു സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന തീവണ്ടി അടുത്ത സ്റ്റേഷന്‍ പിന്നിട്ടാല്‍ മാത്രമേ അടുത്ത തീവണ്ടി പിറകെ അയയ്ക്കാന്‍ കഴിയുകയുള്ളൂ. ഉദാഹരണത്തിന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുന്ന തീവണ്ടി കഴക്കൂട്ടം സ്റ്റേഷന്‍ പിന്നിട്ടാല്‍ മാത്രമേ അടുത്ത തീവണ്ടിക്ക് സിഗ്‌നല്‍ കിട്ടുകയുള്ളൂ. എന്നാല്‍ ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനത്തില്‍ കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുന്ന തീവണ്ടി ഹ്രസ്വദൂരത്തിലുള്ള ഒരു സിഗ്‌നല്‍ യൂണിറ്റ് പിന്നിടുമ്പോള്‍ അടുത്ത തീവണ്ടി പിന്നാലെ അയയ്ക്കാന്‍ പറ്റും.

ട്രാക്ക് സര്‍ക്യൂട്ടുകള്‍ ഉള്‍പ്പെടെ വന്‍ മുതല്‍മുടക്ക് വേണ്ടിവരുന്ന സജ്ജീകരണങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനത്തിന് വേണ്ടിവരും. ട്രാക്കില്‍ തീവണ്ടിയുടെ സാനിധ്യം തിരിച്ചറിയുന്നത് ഇത്തരം സര്‍ക്യൂട്ടുകളാണ്. ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ നിരവധി ട്രാക്ക് സര്‍ക്യൂട്ടുകള്‍ സജ്ജീകരിക്കണം. സിഗ്‌നല്‍ ബോക്‌സുകള്‍, കേബിള്‍, ബാറ്ററികള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി വേണ്ടിവരും.

ചെന്നൈ, മുംബൈ എന്നിവിടങ്ങളിലാണ് നിലവില്‍ സബര്‍ബന്‍ റെയില്‍വേയുള്ളത്. വന്‍ മുതല്‍മുടക്ക് വേണ്ടിവരുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ഉന്നതതല സ്വാധീനത്തിന് പുറമെ കൂട്ടായ പ്രയത്‌നവും ആവശ്യമാണ്. കോച്ച് ഫാക്ടറി, നേമം ടെര്‍മിനല്‍, കൊച്ചുവേളി സ്റ്റേഷന്‍ നവീകരണം തുടങ്ങി റെയില്‍വേയുടെ നിരവധി പദ്ധതികള്‍ വര്‍ഷങ്ങളായി പാതിവഴിക്ക് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്.